ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. വളപട്ടണം പുഴയും അഞ്ചരക്കണ്ടി പുഴയും അവയുടെ കൈവഴികളും ഉൾപ്പെടുന്ന ജലസമൃദ്ധ പ്രദേശമായ ഇവിടെ 32 നീർത്തടങ്ങൾ നിലനിൽക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 13 മീറ്റർ മുതൽ 300 മീറ്റർ വരെ ഉയരമുള്ള ഇടനാടും മലനാടും ഉൾക്കൊള്ളുന്ന ഭൂപ്രദേശമാണിത്.

അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലായി ഗണ്യമായ വനമേഖലകളുണ്ട്. ആറളം ഫാമിന്റെ ഒരു വലിയ ഭാഗം പട്ടികവർഗ്ഗ പുനരധിവാസ മേഖലയായി ഉപയോഗിക്കുന്നു. കുന്നിൻമുകൾ, കുന്നിൻചെരിവുകൾ, താഴ്വരകൾ, സമതലങ്ങൾ തുടങ്ങി വിവിധ ഭൂപ്രകൃതി സവിശേഷതകളുള്ള പ്രദേശമാണിത്. ചരൽമണ്ണ്, മണൽമണ്ണ്, ചെങ്കൽമണ്ണ്, കറുത്തമണ്ണ്, ചെമ്മണ്ണ് തുടങ്ങിയ ഫലഭൂയിഷ്ഠമായ മണ്ണിനങ്ങൾ ഇവിടെ കാണപ്പെടുന്നു.

റബ്ബർ, നാളികേരം, കശുവണ്ടി എന്നിവയാണ് പ്രധാന കൃഷികൾ. കൂടാതെ കുരുമുളക്, കവുങ്ങ്, വാഴ, ചേന, മരച്ചീനി, ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ തുടങ്ങിയവയും കൃഷി ചെയ്യുന്നു. എന്നാൽ റബ്ബറിന്റെ വിലത്തകർച്ചയും മറ്റ് സാമ്പത്തിക കാരണങ്ങളും മൂലം പരമ്പരാഗത കൃഷികളോടുള്ള കർഷകരുടെ താൽപര്യം കുറയുകയും നെൽകൃഷി ചുരുങ്ങുകയും ചെയ്യുന്നു.

പ്രദേശത്തിന്റെ പ്രധാന നദിയായ വളപട്ടണം പുഴ കർണാടകത്തിലെ ബ്രഹ്മഗിരി വനമേഖലയിൽ നിന്ന് ഉത്ഭവിച്ച് 110 കിലോമീറ്റർ സഞ്ചരിച്ച് അറബിക്കടലിൽ പതിക്കുന്നു. ഈ നദിയിലാണ് ജില്ലയിലെ പ്രധാന ജലസേചന പദ്ധതിയായ പഴശ്ശി പദ്ധതി സ്ഥിതി ചെയ്യുന്നത്.

സമൃദ്ധമായ മഴയും പ്രകൃതി വിഭവങ്ങളും ലഭ്യമായ പ്രദേശമായിരുന്നുവെങ്കിലും, വ്യാപകമായ കുന്നിടിക്കൽ, വയൽ നികത്തൽ, കരിങ്കൽ-ചെങ്കൽ ഖനനം, മണലൂറ്റ് തുടങ്ങിയ മനുഷ്യ ഇടപെടലുകൾ ഭൂഗർഭജല ലഭ്യതയും പരിസ്ഥിതി സന്തുലിതാവസ്ഥയും ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നു.